
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്നപ്രതിവാര മന്ത്രിസഭാ യോഗത്തിൽ നാഷണൽ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്കിന്റെ (NQF) പുതുക്കിയ പതിപ്പ് അംഗീകരിച്ചു. ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം, കൂടാതെ ആധുനിക വിദ്യാഭ്യാസ–സാങ്കേതിക പുരോഗതിയുടെ ആവശ്യകതകൾ എന്നിവയുമായി ഒത്തൊരുമിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതുക്കൽ.ഖത്തർ–ജപ്പാൻ മൂന്നാമത് തന്ത്രപരമായ സംഭാഷണത്തിന്റെ ഫലങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു. സമ്പദ്വ്യവസ്ഥ, ഊർജം, നവീകരണം, നിക്ഷേപം, ആധുനിക വ്യവസായങ്ങൾ എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ആഴപ്പെടുത്തുന്നതിന് സംഭാഷണം സഹായകരമായതായി മന്ത്രിസഭ വിലയിരുത്തി.
ഭക്ഷ്യവസ്തുക്കളുടെയും ഉപഭോക്തൃ സാധനങ്ങളുടെയും തന്ത്രപ്രധാന ശേഖരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2019 ലെ നിയമഭേദഗതി ബില്ലിന് ശൂറ കൗൺസിൽ നൽകിയ അംഗീകാരം മന്ത്രിസഭ ശ്രദ്ധയിൽപ്പെടുത്തി. കൂളിംഗ് സേവന ഫീസ്, ലൈസൻസുകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള കരട് തീരുമാനവും മന്ത്രിസഭ അംഗീകരിച്ചു.
ഖത്തർ മീഡിയ കോർപ്പറേഷനും സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയും തമ്മിലുള്ള റേഡിയോ–ടെലിവിഷൻ സഹകരണ ധാരണാപത്രം, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ, ഖത്തറും തുർക്ക്മെനിസ്ഥാനുമായുള്ള യുവജന സഹകരണത്തിനായുള്ള 2026–2027 എക്സിക്യൂട്ടീവ് പ്രോഗ്രാം എന്നിവക്കും മന്ത്രിസഭ അംഗീകാരം നൽകി.ജിസിസി പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിലും അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയിലുമുള്ള ഖത്തറിന്റെ പങ്കാളിത്ത റിപ്പോർട്ടുകളും മന്ത്രിസഭ പരിശോധിച്ചു.











